Sunday, July 10, 2011

അടയുന്ന വാതിലുകള്‍..

റോഡരികില്‍ ഒരാള്‍ക്കൂട്ടം,
എന്താണെന്നറിയാന്‍ എനിക്കും ആകാംക്ഷ..
കണ്ടവര്‍ കാണാത്തവര്‍ക്ക്
വഴി മാറിക്കൊടുക്കണമെന്നാരോ
വിളിച്ചു പറയുന്നത് കേട്ടു..
എന്നിട്ടുമാരും കാണാത്തവര്‍ക്കവസരം
തരുന്നില്ല,
എനിക്ക് പോയിട്ട് ധൃതിയുണ്ടെന്നൊരു
ജനനേതാവ് പല്ലിളിച്ചു കൊണ്ടു പറഞ്ഞു,
നേതാവിനും കാണണം പോലും..
അത് കേട്ടതും ശിങ്കിടികള്‍
ഇരച്ചു കയറി,
നേതാവിന് കാണാന്‍ വഴിയായി,
കൂട്ടത്തില്‍ എനിക്കും...
ഞാനും കണ്ടു..
ഒലിച്ചു പോകുന്ന രക്തം,
എന്തോ പറയാന്‍ ദാഹിക്കുന്ന ചുണ്ടുകള്‍,
എന്തിനോ വേണ്ടി ഉയര്‍ത്തുന്ന കൈകള്‍,
അതിനിടയിലും
ഒലിച്ചു പോകുന്ന രക്തക്കറ
ക്യാമറകണ്ണുകളില്‍ പകര്‍ത്താനുള്ള
തിരക്കിലാനാള്‍കൂട്ടം ..
അതിനിടയിലും കേള്‍ക്കാം
ഒരുപാട് നെടുവീര്‍പ്പുകള്‍,
രോദനങ്ങള്‍,നിശ്വാസങ്ങള്‍,
കൂട്ടത്തിലൊരു കവിഹൃദയം
ഉറക്കെ പറയുന്നതും കേള്‍ക്കാം
"മുറിവേറ്റൊരു പക്ഷിയാണയാല്‍ പോലും.."
പല്ലിളിച്ച നേതാവ് രണ്ടു തുള്ളി
കണ്ണീരും വരുത്തി
കവല പ്രസംഗത്തിന് പോയെന്നു,
കൂടെ ശിങ്കിടികളും....

കണ്ടു കൊണ്ടിരുന്നതില്‍
രണ്ടു പേര്‍ക്ക് പെട്ടെന്നെന്തോ ബോധോദയം
അവര്‍ക്കടുത്ത കവലയില്‍
പോകണം പോലും..
അവര്‍ സദാചാര പോലീസ് ആണെന്ന്,
അവിടെ പുതിയ തസ്നിബാനു
കാത്തിരിക്കുണ്ടെന്നു..

ഇപ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കാം
ജനനേതാവിന്‍റെ
കവലപ്രസംഗം,
"മനുഷ്യതം മരിക്കുകയാണ് പോലും"
നേതാവ് വാചാലനാണ്..
അപോഴെക്കും വഴിയരികില്‍
ഉയര്‍ന്ന കൈകള്‍ താഴ്ന്നിരുന്നു,
ആ ചുണ്ടുകള്‍ അടഞ്ഞിരുന്നു,,

No comments:

Post a Comment